Tuesday, August 22, 2006

ദിവാന്‍‌ഖാവടിയില്‍ രാജധാനി നിന്നപ്പോള്‍...

റെയില്‍‌പാതയുടെ ഓരത്തു കൂടി അയാള്‍ നടന്നു. പാത വന്നതില്‍ പിന്നെ അയാള്‍ക്കു എറ്റവും പ്രിയപ്പെട്ടതാണു രാവിലെയും വൈകുന്നേരവും ഉള്ള ഈ നടപ്പ്. പാതവക്കില്‍ ആരൊക്കെയോ ചീട്ടു കളിക്കുന്നുണ്ടായിരുന്നു. അയാള്‍ അല്പനേരം കളി നോക്കിയിരുന്നു. പോകണം. നേരം ഇരുട്ടി വരുന്നു. അവന്‍ എത്തുന്നതിനു മുന്‍പു സ്റ്റേഷന്‍ കടക്കണം. അയാള്‍ വേഗം നടന്നു. സ്റ്റേഷനിലെ ട്യുബ്-ലൈറ്റ് അങ്ങു ദൂരെ കാണാം. ദൂരെ നിന്നും ചൂളം വിളി കേട്ടു തുടങ്ങി. അവനിങ്ങു എത്തി കഴിഞ്ഞു. ഇന്നു നേരത്തെയാണല്ലോ. അയാള്‍ നടത്തതിനു വേഗത കൂട്ടി. അധികം സമയം വേണ്ടി വന്നില്ല. എന്നത്തേയും പോലെ ദിവാന്‍‌ഖാവടിയെ ഒരു പുച്ഛത്തോടെ അവഗണിച്ചു, ചൂളം വിളിച്ചു അവന്‍ കടന്നു പോയി.

അയാള്‍ സ്റ്റേഷനിലേയ്ക്കു നടന്നു. പച്ച ലൈറ്റും ആയി കാബിനിലേയ്ക്കു മടങ്ങുന്ന സ്റ്റേഷന്‍ മാസ്റ്റെര്‍ അയാളെ നോക്കി പറഞ്ഞു, “ഇന്നവന്‍ നേരത്തെയാണു”. ഒരു മന്ദഹാസത്തോടെ അയാള്‍ മുന്നോട്ടു നടന്നു. പാത വന്നതിനു ശേഷം ആണു അയാള്‍ ആദ്യമായി ട്രെയിന്‍ കണ്ടത്.പല തരത്തിലുള്ള ട്രെയിനുകള്‍. ലോറികളേയും ട്രക്കുകളേയും എടുത്തു കൊണ്ടു പോകുന്ന ട്രെയിനുകള്‍ വരെ.എങ്കിലും അവനോടു അയാല്‍ക്കെന്തൊ പ്രത്യേകം ഇഷ്ടം തോന്നിയിരുന്നു.ദിവാന്‍‌ഖാവടിയില്‍ എല്ലാ ട്രെയിനുകളും ഒരിക്കലെങ്കിലും നിര്‍ത്തിയിട്ടുണ്ടത്രേ, അവനൊഴികെ. “ഒരിക്കല്‍ നമ്മുക്കിവനെ ഇവിടെ പിടിച്ചിടണം. ഒരു പത്തു മിനുട്ടു നേരത്തേയ്ക്കു സിഗ്നല്‍ കൊടുക്കരുതു. തീരട്ടെ അവന്റെ അഹങ്കാരം!“, തന്റെ നരച്ച താടി തടവി കൊണ്ടു സ്റ്റേഷന്‍ മാസ്റ്റെര്‍ പറയുകയുണ്ടായി.

അയാള്‍ നടത്തതിനു വേഗത കൂട്ടി, വീട്ടില്‍ വേഗം എത്തിയിട്ടു ഒന്നും ചെയ്യാനില്ലെങ്കിലും. ഭാര്യയേയും മക്കളേയും അവളുടെ വീട്ടില്‍ ആക്കിയിട്ട് ഒരു മാസം ആവാറായി.അയാള്‍ വീട്ടിലെത്തി വിളക്കു കത്തിച്ചു. വാതിലില്‍ അവര്‍ വീണ്ടും കടലാസ് പതിച്ചിരിയ്ക്കുന്നു.ഒരാഴ്ച മുന്‍പു പതിച്ചതും അതേ പോലെ അവിടെയുണ്ടു. അയാള്‍ക്കു ചിരി വന്നു. ഇന്നു തീരെ വിശപ്പില്ല. അയാള്‍ പുതച്ചു കിടക്കാന്‍ തുടങ്ങി. എന്തൊരു തണുപ്പ്.അപ്പുറത്തു ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കാണാം.ഈയിടെയായി അവിടെ ആരൊക്കെയോ വരുന്നു, എന്തൊക്കെയോ ക്ലാസ്സുകള്‍ നടക്കുന്നു, നോട്ടീസുകള്‍ വിതരണം ചെയ്യുന്നു. അയാള്‍ക്ക് അതിലൊന്നും വലിയ താല്‍‌പര്യം തോന്നിയില്ല. അയാള്‍ വിളക്കണച്ചു.

വീണ്ടും അയാള്‍ നടക്കുകയാണു. എന്നത്തേയും പോലെ ഇന്നും. പരുത്തിപാടങ്ങള്‍ക്ക് നടുവിലൂടെ. ഇന്നു ഒരുപാടു ക്ഷീണം തോന്നുന്നു. ‍അയാള്‍ റോഡു വക്കിലുള്ള ആല്‍ മരത്തിന്റെ ചോട്ടിലിരുന്നു. റോഡിന്റെ മറുവശത്തു ബഹുരാഷ്ട്ര വിത്തു കമ്പനിയുടെ മറാഠിയിലുള്ള ഭീമന്‍ പരസ്യം കാണാം. “ഇരട്ടി ഉത്പാദനം. കീടനാശിനികള്‍ക്കു പൈസ കളയുകയേ വേണ്ട”. ഇരട്ടി ഉത്പാദനം!... അയാള്‍ക്കു വീണ്ടും ചിരി വന്നു.
.
മഴ പെയ്യുന്നുണ്ടായിരുന്നു. ദൂരെ സ്റ്റേഷനിലെ ട്യുബ്-ലൈറ്റ് കാണാം. അയാള്‍ തിരിഞ്ഞു നോക്കി. ഇന്നും അവന്‍ നേരത്തേയാണു. അയാള്‍ നടത്തതിന്റെ വേഗത കൂട്ടാന്‍ നോക്കിയില്ല. മെല്ലെ നടന്നു. പിന്നെ എന്തൊ ആലൊചിച്ചിട്ടെന്ന പോലെ തിരിഞ്ഞു നടന്നു. പാളത്തിലൂടെ... മെല്ലെ, ചിരിച്ചു കൊണ്ടു. നിര്‍ത്താതെ ഹോണുകള്‍ മുഴങ്ങി. ബ്രെയ്കിന്റെ ശബ്ദം... മരത്തില്‍ ചേക്കേറിയിരുന്ന കാക്കള്‍ വലിയ ശബ്ദത്തേടെ പറന്നകന്നു.‍ അന്നാദ്യമായി ദിവാന്‍‌ഖാവടിയില്‍ രാജധാനി നിന്നു.
.
.
.
വാല്‍കഷ്ണം: ഐറ്റിയുടേയും സ്മാര്‍ട്ട്-സിറ്റിയുടേയും പിന്നാലെ പായുന്നവര്‍ ഒന്നു നിന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍....

Saturday, August 19, 2006

നിങ്ങള്‍‌ ആദ്യം ആത്മഹത്യ ചെയ്യൂ...

... എന്നാല്‍ ഞങ്ങള്‍‌ സഹായിക്കാം!

ഇന്നലെ എഷ്യാനെറ്റ് ന്യൂസിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം ഇതായിരുന്നു... ഇടുക്കിയിലെ കര്‍ഷകര്‍ക്കു പ്രത്യേക പാക്കേജ് ഇല്ല. കാരണം ആത്മഹത്യാ കണക്കെടുപ്പില്‍ വയനാടും പാലക്കാടും ഇടുക്കിയെ ബഹുദൂരം പിന്നില്ലാക്കി മുന്നേറിയിരിക്കുന്നു!. ഇടുക്കിയിലെ കര്‍ഷകര്‍ക്കു മത്സരബുദ്ധി തീരെയില്ലേ??. നമ്മുടെ “അതിവേഗം ബഹുദൂരം” മുദ്രാവാക്യം ഒന്നും വയനാട്ടില്‍ എത്തിയതു പോലെ അവിടെ എത്തിയില്ലേ??.

കഷ്ടം തന്നെ നമ്മുടെ “ഭരണാധികാരികളുടെ” കാര്യം!. പാവം കര്‍ഷകന്റെ പ്രശ്നം മനസ്സിലാക്കി അവനെ രക്ഷിക്കാന്‍ ഒരു വസ്തുവും ചെയ്യുന്നില്ല. പകരം ആ ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞതു പോലെ, ഒരു മൊബൈല്‍ കമ്പനി കണക്കെ ഒരു സ്കീമും ആയി വന്നിരിക്കുന്നു- നിങ്ങള്‍ ആത്മഹത്യ ചെയ്യൂ, എന്നാല്‍ ഞങ്ങള്‍‌ കടം എഴുതി തള്ളാം!!. ഇതില്‍ പരം ഒരു കഴിവുകേടും പാപ്പരത്തവും വേറെയുണ്ടൊ?

കടത്തില്‍ മുങ്ങിയ ഒരു പാവം കര്‍ഷകന്റെ സ്ഥിതി ഒന്നു ആലോചിച്ചു നോക്കൂ... സ്വന്തം ഭാര്യയുടെയും മക്കളുടേയും മുഖത്തു നോക്കാന്‍ അയാള്‍ക്കു കഴിയുമോ?. “നിങ്ങളൊന്നു ആത്മഹത്യ ചെയ്തിരുന്നെങ്കില്‍‍ ഞങ്ങളെങ്കിലും രക്ഷപ്പെടുമാ‍യിരുന്നില്ലേ?”- ഇതു അവരുടെ വായില്‍ നിന്നു കേള്‍ക്കുന്നതും കാത്തു കഴിയുന്നതിലും ഭേദം അവനു ആത്മഹത്യ തന്നെ.

Tuesday, August 15, 2006

പാവം നമ്മുടെ കേരളാ പോലീസ്!

പോലീസിനെ കണ്ടു പേടിച്ചോടി കിണറ്റിലും കുളത്തിലും വീണു ഒരൊരുത്തന്‍‌മാര്‍ ചാവുന്നതില്‍ പാവം പോലീസെന്തു പിഴച്ചു?. ഹാര്‍ട്ട്-അറ്റാക്ക് വന്നു ആരെങ്കിലും മരിച്ചാല്‍ അതും കസ്റ്റ്ഡി മരണം...പോരാത്തതിനു ഹര്‍ത്താലും!. ഇനി മുതല്‍ ഒരു മൈക്കു വെച്ചു വിളംബരം ചെയ്തിട്ടു വേണം പോലീസിനു സഞ്ചരിക്കാന്‍‌... ഇതാ മൂന്നു പോലീസുകാര്‍ ഒരു ജീപ്പില്‍ ഈ വഴി വരുന്നു, ചീട്ടു കളിക്കാരും വാറ്റുകാരും ഒരല്പം സമയത്തേക്കു മാറി നില്‍ക്കാന്‍‌ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു... പാവം നമ്മുടെ കേരളാ പോലീസിന്റെ ഒരു ഗതികേടേ!
ഇതിനിടെ കിണറ്റില്‍ ചാടിയ ഒരു “കള്ളനെ” രക്ഷിയ്ക്കാന്‍ അവന്റെ കൂടെ ചാടി അവനെ പൊക്കിയെടുത്ത ഒരു പാവം പോലീസുകാരന്റെ കഥയൊന്നും ആരും അറിയുന്നില്ല...